ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ നിയമ ഭേദഗതി ബിൽ പരാജയപ്പെട്ടതോടെ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനിരുന്ന മറ്റ് രണ്ട് സുപ്രധാന ബില്ലുകളും അനിശ്ചിതത്വത്തിൽ. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ഭേദഗതി ബിൽ സഭയിൽ പരാജയപ്പെട്ടത്.
ബില്ലിന് അനുകൂലമായി 298 വോട്ടുകളും എതിരായി 230 വോട്ടുകളുമാണ് ലഭിച്ചത്. ഭരണഘടനാ ഭേദഗതി പാസാക്കാൻ സഭയിൽ ഹാജരായവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിക്കാനിരുന്ന മണ്ഡല പുനർനിർണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലും വോട്ടെടുപ്പിന് വെക്കാതെ സർക്കാർ മാറ്റിവെച്ചു. ഈ ബില്ലുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്നും അതുകൊണ്ട് മുന്നോട്ട് പോകുന്നില്ലെന്നുമാണ് സർക്കാർ അറിയിച്ചത്.
മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യം കുറയ്ക്കുമെന്ന് ഡിഎംകെയും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിച്ചു. ബില്ല് പരാജയപ്പെട്ടത് തമിഴ്നാടിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.